ഈ ബ്ലോഗ് തിരയൂ

2019, ഏപ്രിൽ 10, ബുധനാഴ്‌ച

അമ്മയില്ലാത്തൊരാ കുഞ്ഞുനാൾ


കവിത: വ്യഥനം
രചന: രാജേഷ് അത്തിക്കയം

അമ്മയില്ലാത്തൊരാ കുഞ്ഞുനാൾ എൻ വിരല്‍
അമ്മിഞ്ഞപോലെ ഞാൻ ഉണ്ടിരുന്നു
കാലം കടഞ്ഞൊരീ മെയ്യിന്നിളം ചൂടു
നല്‍കുവാന്‍ സൂര്യന്‍ ഉദിച്ചിരുന്നു
കോലം തിരിഞ്ഞൊരീ മോറില്‍ തലോടുവാൻ
കാറ്റ്  കൈകള്‍നീട്ടി വന്നിരുന്നു

രാവത്തെനിക്കായി മാനത്തൊരമ്പിളി
പൈമ്പാല്‍ക്കുടം കൊണ്ടുവന്നിരുന്നു
രാമഞ്ഞിലെന്റെ മേല്‍മൂടുവാന്‍ താരകള്‍
താരണിക്കംബളം നെയ്തിരുന്നു
രാപ്പാടി പാടുന്ന പാട്ടിലൊരമ്മതന്‍
താരാട്ടിന്നീണം നിറഞ്ഞിരുന്നു

ബന്ധങ്ങള്‍ അന്യമായ്ത്തീർന്നവൻ ഞാന്‍
ബന്ധനങ്ങള്‍ സ്വന്തമാക്കിയോന്‍ ഞാന്‍
ബന്ധങ്ങള്‍ അന്യമായ്ത്തീർന്നവൻ ഞാന്‍
ബന്ധനങ്ങള്‍ സ്വന്തമാക്കിയോന്‍ ഞാന്‍

ഉമ്മകിട്ടാക്കവിള്‍ മൂടുവാന്‍ തെന്നലില്‍
ചുംബനപ്പൂക്കള്‍ പൊഴിഞ്ഞിരുന്നു
കണ്ണീര്‍ത്തുടയ്ക്കുവാന്‍ അമ്മതന്‍ കൈപോലെ
പുല്‍നാമ്പുകള്‍ ചാഞ്ഞുനിന്നിരുന്നു
ആരും തിരിഞ്ഞുനോക്കാത്തൊരെന്‍ ബാല്യമോര്‍
ത്തേതോ മുകില്‍ക്കണ്‍നിറഞ്ഞിരുന്നു

എന്‍ പാല്‍ച്ചിരിക്കൊത്തു പുഞ്ചിരിച്ചീടുവാന്‍
പൂവുകള്‍ മത്സരം വച്ചിരുന്നു
എന്‍ കരച്ചില്‍കേട്ടകമ്പടി പാടുവാന്‍
പക്ഷികള്‍ പന്തയം ചെയ്തിരുന്നു
ഞാനുറങ്ങാന്‍ വേണ്ടി മാത്രമാവാം
സൂര്യഗോളം പടിഞ്ഞാറലിഞ്ഞിരുന്നു

നാഥനില്ലാത്തോന്‍, അനാഥനീ ഞാന്‍
ഈ അനാഥത്വത്തിന്‍ നാഥനും ഞാന്‍
നാഥനില്ലാത്തോന്‍, അനാഥനീ ഞാന്‍
ഈ അനാഥത്വത്തിന്‍ നാഥനും ഞാന്‍

മൂകം വളര്‍ന്നൊരെന്‍ തോളില്‍ ആരോ ചിലര്‍
നോവിന്‍ നുകം വച്ചുതന്നിരുന്നു
നാലണക്കാശിലും ഒരുപിടിച്ചോറിലും
ദയയുടെ നാനാര്‍ത്ഥം കണ്ടിരുന്നു
എന്‍ വാക്കുകള്‍ കേട്ടതില്ല തെല്ലും
ആരുമൊന്നും പറഞ്ഞതേയില്ലയെങ്ങും

തെണ്ടാന്‍ മടിച്ചിരുന്നെന്നെ ചിലര്‍ച്ചേര്‍ന്നു
തെണ്ടിയായ് മുദ്രണം ചെയ്തിരുന്നു
കക്കാനറിയാത്തോരെന്നെ പലര്‍ കൂടി
കള്ളനാണെന്നും വിധിച്ചിരുന്നു
ഒന്നും മൊഴിയാതിരിക്കവേ ഭ്രാന്തനെ
ന്നോര്‍ത്തവര്‍ ആട്ടിയോടിച്ചിരുന്നു

വര്‍ണ്ണങ്ങളില്ലാത്ത സ്വപ്നങ്ങളില്‍
പണ്ടേ തളച്ചിടപ്പെട്ടവന്‍ ഞാന്‍
വര്‍ണ്ണങ്ങളില്ലാത്ത സ്വപ്നങ്ങളില്‍
പണ്ടേ തളച്ചിടപ്പെട്ടവന്‍ ഞാന്‍

ഒന്നോര്‍ക്കുകില്‍ ഭാഗ്യവാനാണു ഞാന്‍ എന്റെ
താരതമ്യക്കണക്കിന്നെഴുത്തില്‍
ഇല്ല കടപ്പാടെനിക്കു തെല്ലും
പത്തുമാസം ചുമന്ന കണക്കൊഴികെ
ഇല്ലായെനിക്കിന്നു ബാധ്യത എന്റെ
ദു:ഖങ്ങളെ പേറും മനസ്സൊഴികെ....

എന്നെ മനുഷ്യനായ് കാണും മനുഷ്യനെ
കാണുവാന്‍ ഞാനും കൊതിച്ചിരുന്നു
എന്നെ മകനായ് കരുതുന്നൊരമ്മയെ
തേടി ഞാനങ്ങിങ്ങലഞ്ഞിരുന്നു
എന്തിനെന്നെ നിങ്ങളൊറ്റപ്പെടുത്തുന്നു
നിങ്ങളോടെന്തു ഞാന്‍ തെറ്റുചെയ്തു

കണ്ണെനിക്കെന്നും കരഞ്ഞീടുവാന്‍
കാതോ പരിഹാസം കേട്ടീടുവാന്‍
കണ്ണെനിക്കെന്നും കരഞ്ഞീടുവാന്‍
കാതോ പരിഹാസം കേട്ടീടുവാന്‍

വീടും കുടിയും എനിക്കു വേണ്ട, മാവും
ആറടി മണ്ണും കരുതിടേണ്ട
രോമവും വാലും തരാനാകുമോ നിങ്ങള്‍
ആൾക്കുരങ്ങായെന്നെ മാറ്റീടുമോ
കാടും പടര്‍പ്പും ഒരുക്കീടുമോ എന്നെ
ആദിമനുഷ്യനായ് തീർത്തീടുമോ

ചോരയൊന്നെങ്കിലും ധാര രണ്ടാണ് നാം
ധാരണയില്‍പ്പോലും രണ്ടാണ് നാം
എണ്ണം തികയ്ക്കുവാന്‍ കാനേഷുമാരിയില്‍
പ്പോലുമീ ഞാനെന്ന ജന്മമില്ല
നാളെ ഓര്‍ക്കാൻ എനിക്കാരുമില്ല
ഓര്‍ക്കുവാനെന്റെ പേരുള്ള രേഖയില്ല

മേലെ വാനം മാത്രമുള്ളവന്‍ ഞാന്‍
താഴെ ഈ മണ്ണിന്റെ സന്തതി ഞാന്‍
മേലെ വാനം മാത്രമുള്ളവന്‍ ഞാന്‍
താഴെ ഈ മണ്ണിന്റെ സന്തതി ഞാന്‍

മണ്ണില്‍ പുഴുക്കളില്‍ തെണ്ടിയില്ല
കൊടിച്ചിപ്പട്ടിപോലും അനാഥനല്ല
ജന്തുവിന്നുച്ചനീചത്വമില്ല, കാട്ടു
നീതിയില്‍പ്പോലും തഴയലില്ല
ഈ കേട്ടതൊക്കെ മൃഗീയമെങ്കില്‍
മനുഷ്യത്വമെന്ന വാക്കിനര്‍ത്ഥമെന്ത്
ഈ കേട്ടതൊക്കെ മൃഗീയമെങ്കില്‍
മനുഷ്യത്വമെന്ന വാക്കിനര്‍ത്ഥമെന്ത്

ചോദ്യത്തിനുള്ളില്‍ കഥയില്ലയോ
കഥയില്‍ ചോദ്യം പാടില്ലയോ
ചോദ്യത്തിനുള്ളില്‍ കഥയില്ലയോ
കഥയില്‍ ചോദ്യം പാടില്ലയോ

കഥയില്‍ ചോദ്യം പാടില്ലയോ
കഥയില്‍ ചോദ്യം പാടില്ലയോ


ഇനിയും മരിക്കാത്ത ഭൂമി - കവിത : ഭൂമിക്കൊരു ചരമഗീതം



Poem : Vyathanam
Poet : Rajesh Athikkaya

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ