ഈ ബ്ലോഗ് തിരയൂ

2019, ജനുവരി 15, ചൊവ്വാഴ്ച

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി



Kanakachilanka Kilungi Kilungi
ആലാപനം : പ്രൊഫസർ വി മധുസൂദനൻ നായർ

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി 
കാഞ്ചന കാഞ്ചി കുലുങ്ങിക്കു ലുങ്ങി 
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍പ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ത്തങ്ങി

ഒഴുകും ഉടയാടയിൽ ഒളിയലകൾ ചിന്നി
അഴകൊരുടലാര്‍ന്നപോലങ്ങനെ മിന്നി
മതിമോഹന ശുഭനര്‍ത്തനമാടുന്നയി  മഹിതേ 
മമ മുന്നില്‍ നിന്നു നീ മലയാള കവിതേ

ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
മറുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി
ചുടു നെടുവീര്‍പ്പുകള്‍ക്കിടയിലും കൂടി

അതിധന്യകളുഡു കന്യകള്‍ മണിവീണകള്‍ മീട്ടി 
അപ്സരോ രമണികള്‍ കൈമണികള്‍ കൊട്ടി
വൃന്ദാവന മുരളീരവ പശ്ചാത്തലമൊന്നില്‍
സ്പന്ദിക്കും ആ മധുര  സ്വരവീചികള്‍ തന്നില്‍
താളം നിരനിരയായി നുരയിട്ടിട്ടു തങ്ങി
താമര താരുകൾ പോൽ  തത്തി ലയഭംഗി 
സദധസുഖ സുലഭത തൻ നിറപറ വെച്ചു 
ഋതു ശോഭകൾ നിൻ മുന്നിൽ താലം പിടിച്ചു 



ആലാപനം : കാവാലം ശ്രീകുമാർ 

തങ്ക തരി വളയിളകി  നിൻ പിന്നിൽ തരളിതകൾ 
സങ്കൽപ്പ സുഷമകൾ ചാമരം വീശി 
സുരഭില മൃഗമദ തിലകിത ബാലം 
സുമസമ സുലളിത മൃദുല കപോലം 
നളിനദല മോഹന നയനവിലാസം 
നവകൂന്ത സുമസുന്ദര വരമന്ദഹാസം 

ഘനനീല വിപിന സമാനസുകേശം 
കുനുകുന്തള വലയാങ്കിത കരുണാന്തിക ദേശം 
മണി കനക ഭൂഷിത ലളിതഗള നാളം 
മമ മുന്നിലെന്തൊരു സൗന്ദര്യ മേളം  
മുനിമാരും മുകരാത്ത സുഖ ചക്രവാളം 
ഉണരുന്നു പുളകിതം മമ ജീവനാളം 


ഇടവിടാതടപികളും ഗുഹകളും ശ്രുതികൂട്ടിയ 
ജടതൻ  ജ്വര  ജല്പന  മയമായാ മായാ 
മറയുന്നു പിരിയുന്നു മമജീവൻ തന്നിൽ 
മലരുകൾ മലയാള കവിതേ നിൻ മുന്നിൽ 


നിർന്നിമേഷാക്ഷനായ് നില്പ്പതഹോ ഞാനിതം 
നിൻ നർത്തനമെന്തദ്ബുദ  മന്ത്രവാദം
കണ്ടൂ നിൻ കൺകോണുകളുലയവെ
കരിവരിവണ്ടലയും ചെണ്ടുലയും വനികകൾ ഞാൻ
തെളിതേ നിൻ കൈവിരലുകളിളകവേ കണ്ടു ഞാൻ 
കിളി പാറും മരതക മറനിരകൾ 


കനകോജ്ജ്വല ദീപ ശിഖാരേഖാ വലിയാലേ 
കമനീയ കാലദേവത കണിവെച്ചതുപോലെ 
കവരുന്നൂ കവിതേ തവനൃത്ത രംഗം 
കാപാലികനെങ്കിലും എന്നന്തരംഗം 

തവ ചരണ ചലനകൃത രണിതരഥരംഗണം
തന്നോരനുഭൂതിതൻ ലയനവിമാനം 
എന്നേ പലദിക്കിലുമെത്തിപ്പൂ ഞാനൊരു
പൊന്നോണപ്പുലരിയായ് പരിലസിപ്പൂ 

കരകമല ദലയുഗള  മൃദുമൃദുല ചലനങ്ങൾ 
കാണിച്ച സൂക്ഷ്മലോകാന്തരങ്ങൾ 
പലതും കടന്നു കടന്നു ഞാൻ പോയി 
പരിഹൃത പരിണത പരിവേഷനായി 
ജന്മം ഞാൻ കണ്ടൂ ഞാൻ നിർവൃതി കൊണ്ടു 

ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു 
ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി 
മായികേ നീ നിൻ നടനം നടത്തി 
പുഞ്ചിരി പെയ്തുപെയ്താടൂ നീ ലളിതേ 
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ 

അഞ്ചികുഴഞ്ഞഴിഞ്ഞാടൂ ഗുണമിലിതെ 
കുഞ്ചന്റെ തുള്ളലിൽ മണി പൊട്ടിയ കവിതേ 
പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി
പാടിയുമാടിയും പല ചേഷ്ടകൾ കാട്ടി 
വിഭ്രമ വിഷവിത്തു വിതക്കീലും ഹൃദിമേ
വിസ്മരിക്കില്ല ഞാൻ നിന്നെ സുര സുഷമേ 

തവ തലമുടിയിൽനിന്നൊരു നാരു പോരും 
തരികെന്നെ തഴുകട്ടെ പെരുമയും പേരും 
പോകുന്നോ നിൻ നൃത്തം നിർത്തി നീ ദേവി 
പോവല്ലേ പോവല്ലേ പോവല്ലേ ദേവി 

പറന്നു പറന്നു പറന്നു ചെല്ലാൻ  - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


കാവ്യനര്‍ത്തകി - ചങ്ങമ്പുഴ കൃഷ്ണപിള്ള 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ