ഈ ബ്ലോഗ് തിരയൂ

2018, നവംബർ 8, വ്യാഴാഴ്‌ച

ഒന്നുമറിയാതെ കണിക്കൊന്ന പൂത്തു



ഒന്നുമറിയാതെ കണിക്കൊന്ന പൂത്തു വീണ്ടും
കണ്ണില്‍ നിന്നു പോയ്‌ മറയാ പൊന്‍ കിനാക്കള്‍ പോലെ

പൊന്നു വെക്കേണ്ടിടത്തൊരു പൂവു മാത്രം വെച്ചു
കണ്‍ തുറന്നു കണി കണ്ടു ധന്യരായോര്‍ നമ്മള്‍

പൂ വിരിയേണ്ടിടത്തെല്ലാം പൊന്നു തൂക്കാനല്ലോ
പൂതിയിന്നു നമുക്കു പൊന്നാശ പൂക്കും നെഞ്ചില്‍

എങ്കിലുമീ കണിക്കൊന്ന പൂത്തു നില്‍പ്പൂ വീണ്ടും
മണ്‍ചിരാതില്‍ നിന്നഴകിന്‍ നെയ്‌ത്തിരികള്‍ പോലെ

ചന്തയില്‍ നിന്നഞ്ചു രൂപക്കെന്നയല്കാർ വാങ്ങി
കൊണ്ടു വന്ന കൊച്ചു ശീമകൊന്ന മലര്‍ കാണ്‍കെ

തന്റേതല്ല കിടാവിനെ കണ്ട തള്ളയെ പോല്‍
എന്റെ മുത്തശ്ശിക്കു പഴംങ്കണ്ണു കലങ്ങുന്നു

ഒന്നുമറിയാതെങ്ങോ പൂത്തു കണിക്കൊന്ന
പിന്നെയും ഭൂനന്ദിനിതന്‍ അശ്രുവാര്‍ന്ന പോലെ

എന്തോരുഷ്ണം ഈ വെയിലിന്‍ നീരൊഴുക്കില്‍ നീന്തും
സ്വര്‍ണ മത്സ്യജാലം ഇടതൂര്‍ന്നണഞ്ഞ പോലെ

എന്റെ നെഞ്ചിലെ കനലില്‍ വീണെരിഞ്ഞ മോഹം
പിന്നെയും കിളുന്നു തൂവലാര്‍ന്നുയര്‍ന്ന പോലെ

എങ്കിലുമീ കണിക്കൊന്ന എന്തിനിന്നും പൂത്തു
മണ്ണിലുണ്ടോ നന്മകള്‍ തന്‍ തുള്ളികള്‍ വറ്റാതെ

ഒന്നുമറിയാതെ കണിക്കൊന്ന പൂത്തു വീണ്ടും
കണ്ണില്‍ നിന്നു പോയ്‌ മറയാ പൊന്‍ കിനാക്കള്‍ പോലെ


കുരുത്തോല കൊണ്ട് ഞാനെൻ - കേൾക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓ ൻ വി കവിതകൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ