ഈ ബ്ലോഗ് തിരയൂ

2019, മാർച്ച് 1, വെള്ളിയാഴ്‌ച

ഇവിടെയമ്പാടിതന്‍ ഒരുകോണിലരിയ



Ivideyambadithan Oru


​കവിത : കൃഷ്ണ നീ എന്നെ അറിയില്ല കവി : സുഗത കുമാരി ആലാപനം : ജി വേണുഗോപാൽ

*------------------------------------------------------------*

ഇവിടെയമ്പാടിതന്‍ ഒരുകോണിലരിയ
മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല

ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന
കാൽത്തളകള്‍ കളശിഞ്ജിതം പെയ്കെ
അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍
അനുരാഗമഞ്ജനം ചാര്‍ത്തി
ജലമെടുക്കാനെന്ന മട്ടില്‍
ഞാന്‍ തിരുമുന്‍പില്‍ ഒരു നാളുമെത്തിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

ചപലകാളിന്ദിതന്‍ കുളിരലകളില്‍ പാതി
മുഴുകി നാണിച്ചു മിഴി കൂമ്പി വിറ പൂണ്ട കൈ നീട്ടി
നിന്നോട് ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍ നീ
ഓടക്കുഴല്‍ വിളിക്കുമ്പോള്‍
അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാലൊഴുകി
മറിയുന്നതോര്‍ക്കാതെ വിടുവേല തീര്‍ക്കാതെ
ഉടുചേല കിഴിവതും മുടിയഴിവതും കണ്ടിടാതെ
കരയുന്ന പൈതലെ പുരികം ചുളിക്കുന്ന
കണവനെ കണ്ണിലറിയാതെ
എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍
വല്ലവികളൊത്തു നിന്‍ ചാരേ
കൃഷ്ണാ നീയെന്നെയറിയില്ല

അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ
മിഴി താഴ്ത്തി ഞാന്‍ തിരികെ വന്നു
എന്‍റെ ചെറു കുടിലില്‍ നൂറായിരം
പണികളില്‍ എന്‍റെ ജന്മം ഞാന്‍ തളച്ചു
കൃഷ്ണാ നീയെന്നെയറിയില്ല

നീ നീല ചന്ദ്രനായ്‌ നടുവില്‍ നില്‍ക്കെ
ചുറ്റുമാലോലമാലോലമിളകി ആടിയുലയും
ഗോപസുന്ദരികള്‍ തന്‍ ലാസ്യമോടികളുലാവി
ഒഴുകുമ്പോള്‍ കുസൃതി നിറയും നിന്‍റെ
കുഴല്‍ വിളിയുടന്‍ മദദ്രുതതാളമാര്‍ന്നു
മുറുകുമ്പോള്‍ കിലുകിലെ
ചിരി പൊട്ടിയുണരുന്ന കാല്‍ത്തളകള്‍
കലഹമൊടിടഞ്ഞു ചിതറുമ്പോള്‍
തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍
തരിവളയണിക്കൈകള്‍ മഴവില്ലു
ചൂഴെ വീശുമ്പോള്‍ അവിടെ ഞാന്‍
മുടിയഴിഞ്ഞണിമലര്‍ക്കുല പൊഴിഞ്ഞൊരു നാളുമാടിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല

നടനമാടിത്തളര്‍ന്നംഗങ്ങള്‍ തൂവേര്‍പ്പ്
പൊടിയവേ പൂമരം ചാരിയിളകുന്ന മാറിൽ
കിതപ്പോടെ നിന്‍ മുഖം കൊതിയാര്‍ന്നു നോക്കിയിട്ടില്ല
കൃഷ്ണാ നീയെന്നെയറിയില്ല



ഉത്സവക്കൊടിയേറ്റ കേളി


നിപുണയാം തോഴിവന്നെൻ
പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല
തരളവിപിനത്തിൽ ലതാനികുഞ്ജത്തില്‍
വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍
അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു
ചകിതയായ്‌ വാണിട്ടുമില്ല
കൃഷ്ണാ നീയെന്നെയറിയില്ല

ഒരുനൂറു നൂറുവനകുസുമങ്ങള്‍ തന്‍ധവള
ലഹരിയൊഴുകും കുളിര്‍നിലാവില്‍ ഒരു നാളുമാ നീല
വിരിമാറില്‍ ഞാനെന്‍റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ
കൃഷ്ണാ നീയെന്നെയറിയില്ല

പോരൂ വസന്തമായ്‌ പോരൂ വസന്തമായ്‌
നിന്‍റെ കുഴല്‍ പോരൂ വസന്തമായ്‌
എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ
ഞാനെന്‍റെ പാഴ്ക്കുടിലടച്ചു തഴുതിട്ടിരുന്നാനന്ദബാഷ്പം
പൊഴിച്ചു ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍
വെച്ചാത്മാവ് കോടിയര്‍ച്ചിച്ചൂ
കൃഷ്ണാ നീയെന്നെയറിയില്ല

കരയുന്നു ഗോകുലം മുഴുവനും
കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ
പൊല്‍ത്തേരുമായ്‌ നിന്നെയാനയിക്കാന്‍
ക്രൂരനക്രൂരനെത്തിയിങ്ങത്രേ
ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍
എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ
രഥചക്രഘോഷം കുളമ്പൊച്ച
ഞാനെന്‍റെ മിഴി പൊക്കി നോക്കിടും
നേരം നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന
തേരില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു
കരയുന്നു കൈ നീട്ടി ഗോപിമാർ കേണു
നിന്‍ പിറകെ കുതിക്കുന്നു പൈക്കള്‍
തിരുമിഴികള്‍ രണ്ടും കലങ്ങി ചുവന്നു നീ
അവരെ തിരിഞ്ഞു നോക്കുന്നു
ഒരു ശിലാബിംബമായ്‌ മാറി ഞാന്‍
മിണ്ടാതെ കരയാതനങ്ങാതിരിക്കെ അറിയില്ല
എന്നെ നീ എങ്കിലും കൃഷ്ണ
നിന്‍ രഥമെന്റെ കുടിലിന്നു മുന്നില്‍
ഒരു മാത്ര നില്‍ക്കുന്നു
കണ്ണീര്‍ നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു
ചായുന്നു കരുണയാലാകെ തളര്‍ന്നൊരാ ദിവ്യമാം
സ്മിതമെനിക്കായി നല്‍കുന്നു
കൃഷ്ണാ നീയറിയുമോ എന്നെ
കൃഷ്ണാ നീയറിയുമോ എന്നെ
നീയറിയുമോ എന്നെ

*------------------------------------------------------------*

​കവിത : കൃഷ്ണ നീ എന്നെ അറിയില്ല കവി : സുഗത കുമാരി ആലാപനം : ജി വേണുഗോപാൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ